മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ. സർക്കാർ ഹൈക്കോടതിയിലേക്ക്
കൊച്ചി മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിൽ കുടുംബങ്ങൾ നേരിടുന്ന പ്രശ്നം സർക്കാർ ഹൈക്കോടതിയെ അറിയിക്കും. തിങ്കളാഴ്ച കോടതിയെ സമീപിക്കാനാണ് നീക്കം. ഇന്നലെ മന്ത്രി റോജി എം ജോണും കുടുംബങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. അതേസമയം ഒഴിപ്പിക്കൽ നടപടികൾക്കായി അഭിഭാഷക കമ്മീഷൻ ഇന്ന് പ്രദേശത്ത് എത്തിയേക്കും.
എറണാകുളം കളക്ട്രേറ്റിലാണ് സമവായ ചർച്ചകൾ നടന്നത്. പൊലീസിന്റെ ഇടപെടൽ ഇനി ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. കോടതി വിധി പ്രതികൂലമായാൽ ന്യായമായ പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ മലയിടംതുരുത്ത് വിട്ട് എങ്ങോട്ടും പോകില്ലെന്ന നിലപാടിലാണ് താമസക്കാർ. സ്ഥലത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധവും ഇന്ന് സംഘടിപ്പിക്കുന്നുണ്ട്. അതേസമയം ഈ കേസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സർക്കാർ ഇടപെടൽ ഉണ്ടാകുന്നതെന്നാണ് മന്ത്രിയുടെ വാദം.
താമസക്കാർക്ക് അനുകൂല വിധി ലഭിക്കാൻ കോടതിയിൽ സർക്കാർ ഏതറ്റം വരെയും പോകുമെന്നും മന്ത്രി അറിയിച്ചു. കലക്ടറേറ്റിൽ നടന്ന ചർച്ചയിൽ മന്ത്രി റോജി എം ജോൺ, കുന്നത്തുനാട് എം എൽ എ വി പി സജീന്ദ്രൻ, ജില്ലാ കലക്ടർ പ്രിയങ്ക, റൂറൽ എസ്പി എന്നിവരും കുടിയിറക്ക് ഭീഷണി നേരിടുന്ന താമസക്കാരുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു.

