BreakingIndiaOthersPolitics

തെരുവില്‍ ഭിക്ഷ യാചിച്ച്  അതിസമ്പന്നനായ എംഎല്‍എ




മുംബൈ : അതിസമ്പന്നനായ എംഎല്‍എ തെരുവില്‍ ഭിക്ഷ യാചിച്ചാല്‍ സാധാരണ ജനങ്ങള്‍ മുതല്‍ പോലീസ്, സെക്യൂരിറ്റി ജീവനക്കാര്‍ വരെയുള്ളവരുടെ പ്രതികരണം എങ്ങനെയായിരിക്കും. അങ്ങനെ ഒരു സംഭവം മഹാരാഷ്ട്രയിലെ ഗട്ട്‌കോപറിലെ തെരുവില്‍ കഴിഞ്ഞ ദിവസം നടന്നു. മഹാരാഷ്ട്രയിലെ ഏറ്റവും ധനികരായ നിയമസഭാംഗങ്ങളിലൊരാളായ ബിജെപി എംഎല്‍എ പരാഗ് ഷാ ആണ് തനി ഭിക്ഷക്കാരനായി വേഷമിട്ടത്. തന്റെ സുരക്ഷ ജീവനക്കാരും, വാഹനവും, വിലയേറിയ വസ്തുക്കളുമെല്ലാം ഉപേക്ഷിച്ചായിരുന്നു തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ ഭിക്ഷക്കാരനായി വസ്ത്രം ധരിച്ച് മണിക്കൂറുകളോളം പരാഗ് ഷാ ചെലവഴിച്ചത്. ഗട്ട്‌കോപ്പര് ഈസ്റ്റ് എം.എല്‍.എ ആയ പരാഗ് ഷാ ഭിക്ഷാടന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഒരു വ്യക്തിയുടെ സാമൂഹിക നില മനസിലാക്കാന്‍ കഴിയാതെ വരുമ്പോള്‍ ആളുകളുടെ പെരുമാറ്റം ഏത് വിധത്തില്‍ മാറുന്നുവെന്നത് കണ്ടെത്താന്‍ കൂടിയായിരുന്നു ജൈന ആത്മീയ ഗുരു നമ്രാമുനിയുടെ നിര്‍ദ്ദേശപ്രകാരം ‘ഭിക്ഷാടനം’ നടത്തിയത്. ആളുകള്‍ക്ക് സ്റ്റാറ്റസ് അനുസരിച്ച് ശ്രദ്ധ കിട്ടുന്നുവെന്ന് കൂടി മനസിലാക്കാം. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യവും അത് തന്നെയാണ്. പരാഗ് ഷാ പറഞ്ഞു.മുംബൈക്കാരായ സാധാരണക്കാരുടെ ഔദാര്യത്തിനും താന്‍ സാക്ഷ്യം വഹിച്ചതായി തെരുവുകളില്‍ ഭിക്ഷ യാചിക്കാന്‍ നടന്ന സമയത്ത് ഷാ പറഞ്ഞു. ഒരു വ്യക്തി 20 രൂപ നല്‍കി ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെട്ടു, അതേസമയം ഒരു സമോസ വില്‍പ്പനക്കാരന്‍ പണം വാങ്ങാതെ ഭക്ഷണം നല്‍കി. ഭിക്ഷ യാചിച്ച് പണം വാങ്ങുക മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്. തനിക്ക് ലഭിച്ച ഭക്ഷണം കഴിക്കുകയും ഭിക്ഷക്കാരന്റെ പോലെ റോഡരികില്‍ ഇരിക്കുകയും ചെയ്തു. ഈ അനുഭവം അദ്ദേഹം പിന്നീട് ഗുരുവിനോട് മറ്റുള്ളവരോടും പറഞ്ഞു.
ഭിക്ഷ യാചന കഴിഞ്ഞ് മേക്കപ്പ് നീക്കം ചെയ്തതിന് ശേഷം പരാഗ് ഷാ അതേ സ്ഥലങ്ങളില്‍ ചിലതിലേക്ക് യഥാര്‍ഥ വേഷത്തിലെത്തി കണ്ടുമുട്ടിയ ആളുകളോട് സംസാരിച്ചു. നേരത്തെ യാചകനായുള്ള സന്ദര്‍ശന വേളയില്‍ പെരുമാറിയതില്‍ നിന്നും നേരെ വിപരീതമായിട്ടായിരുന്നു എല്ലാവരും തന്നെ പെരുമാറിയത്. ജനങ്ങളുടെ രണ്ട് തരം പ്രതികരണങ്ങള്‍ നിരീക്ഷിക്കാന്‍ കൂടിയായിരുന്നു ഈ അഭ്യാസം.
അതേ സമയം തെരഞ്ഞെടുപ്പുകാലത്ത് അതിസമ്പന്നന്‍ എന്ന നിലക്ക് ശ്രദ്ധിക്കപ്പെട്ടയാളായിരുന്നു പരാഗ് ഷാ. 3,383 കോടി രൂപയില്‍ കൂടുതലായിരുന്നു 2024 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഷാ മൊത്തം ആസ്തിയായി കാണിച്ചിരുന്നത്. അക്കാലത്ത് സംസ്ഥാനത്തെ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥിയായിരുന്നു റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട ഒരു ബിസിനസ് ചെയ്യുന്ന പരാഗ് ഷാ.

Leave a Reply

Your email address will not be published. Required fields are marked *