BreakingKeralaOthers

ട്രാൻസ്ജെൻഡർ വ്യക്തികളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാവണം. -ഡോ. ആർ ബിന്ദു

മാനവരാശിയുടെ ഉദയഘട്ടം മുതൽ ട്രാൻസ്ജെൻഡർ വ്യക്തികൾ ഇവിടെയുണ്ട്. അവരെ സമൂഹത്തിന്റെ പിന്തുണ നൽകി, സമൂഹത്തിൻ്റെ മുഖ്യധാരയോട് ചേർക്കേണ്ടതുണ്ട് .

/കാക്കനാട് :ട്രാൻസ്ജെൻഡർ വ്യക്തികളോടുള്ളസമൂഹത്തിൻ്റെ മനോഭാവത്തിൽ മാറ്റം ഉണ്ടാവണമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അഭിപ്രായപ്പെട്ടു. കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന ട്രാൻസ്ജെൻഡർ ക്രൈസിസ് ഇൻറർവെൻഷൻ സെൻറർ, കാക്കനാട് ഐ എം ജി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

‘മാനവരാശിയുടെ ഉദയഘട്ടം മുതൽ ട്രാൻസ്ജെൻഡർ വ്യക്തികൾ ഇവിടെയുണ്ട്. അവരെ സമൂഹത്തിന്റെ പിന്തുണ നൽകി, സമൂഹത്തിൻ്റെ മുഖ്യധാരയോട് ചേർക്കേണ്ടതുണ്ട് .മാനുഷികമായ പരിഗണനയും സാധ്യമാക്കേണ്ടതുണ്ട്. അതിനായി സമഗ്രതയാർന്ന പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്. അതിൻ്റെ ഭാഗമായിട്ടാണ് അവരുടെ ശാരീരികവും മാനസികവുമായ ആകുലതകൾ പരിഹരിക്കാൻ വേണ്ടിയുള്ള ട്രാൻസ്ജെൻഡർ ക്രൈസിസ് ഇൻ്റർവെൻഷൻ സെൻ്റർ ആരംഭിക്കുന്നതെന്നും മന്ത്രി തുടർന്ന് പറഞ്ഞു.

ചടങ്ങിൽ സാമൂഹ്യനീതി അസി. ഡയറക്ടർ ഷീബ മുംതാസ് അധ്യക്ഷതവഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ
സി. ജെ. സിനോ സേവി,  പ്രൊജക്ട് കോ -ഓർഡിനേറ്റർ, ശ്യാമ എസ് പ്രഭ, ട്രാൻസ്ജൻഡർ ജസ്റ്റീസ് ബോർഡ് മെമ്പർമാരായ ഷെറിൻ ആൻ്റണി, അർജുൻ ഗീത, ജൂനിയർ സൂപ്രണ്ട് ഷെറിൻ പി ജേക്കബ് എന്നിവർ പ്രസംഗിച്ചു.

രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡർ നയം ആവിഷ്കരിച്ച് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം.സാമൂഹ്യ നീതി വകുപ് ട്രാൻസ്ജെൻഡർ വ്യക്തികളുടെ സമഗ്ര ഉന്നമനം കണക്കിലാക്കി നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന എല്ലാ വെല്ലുവിളികളെയും പ്രതികൂല സാഹചര്യങ്ങളെയും നേരിടുവാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന ക്രൈസിസ് ഇൻറർവെൻഷൻ സെൻറർ ആണ് കാക്കനാട് സജ്ജമായിരിക്കുന്നത്. ലൈംഗിക പീഡനങ്ങൾ, ശാരീരിക അതിക്രമങ്ങൾ, മാനസിക പീഡനങ്ങൾ, ഗാർഹിക അതിക്രമങ്ങൾ,  ആരോഗ്യസംബന്ധിയായ പ്രശ്നങ്ങൾകൊണ്ട് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയ വിവിധങ്ങളായ പ്രതിസന്ധികളിൽ ട്രാൻസ്ജെൻഡർ വ്യക്തികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനാണ് ഈ സംവിധാനം .24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറും കൗൺസിലർമാരുടെ സേവനവും സെൻററിൽ ലഭ്യമാകും. നടപ്പു സാമ്പത്തിക വർഷം പദ്ധതി പ്രവർത്തനങ്ങൾക്കായി 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ട്രാൻസ്ജെൻഡർ വ്യക്തികൾ തന്നെയാണ് സെൻറർ പ്രവർത്തിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *