മുണ്ടക്കൈ- ചൂരല്‍മല ദുരിത തീക്കടല്‍ താണ്ടിയെത്തിയ ശ്രുതിയുടെ വിവാഹം നടന്നു.
തൃശൂര്‍: മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിയുടെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്നു. മാനന്തവാടി സ്വദേശി സന്ദീപാണ് ശ്രുതിക്ക് താലി ചാര്‍ത്തിയത്. നിലവില്‍ കളക്ട്രേറ്റിലെ ജീവനക്കാരിയാണ് ശ്രുതി. മുന്‍ മന്ത്രി കെ രാജന് വിവാഹത്തില്‍ പങ്കെടുത്തു.
ശ്രുതി കരഞ്ഞപ്പോള്‍ ഒപ്പം കരഞ്ഞിട്ടുള്ള കേരളക്കര ശ്രുതി ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവിലേക്ക് കടക്കുമ്പോള്‍ ഹൃദയപൂര്‍വം ആശംസകള്‍ നേരുകയാണ്. ദുരിതം കുത്തിയൊലിച്ചുവന്ന ഒരു ഉരുള്‍പൊട്ടലില്‍ വീടും ഉറ്റവരും, പിന്നീടുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനെയും ശ്രുതിക്ക് നഷ്ടപ്പെട്ടിരുന്നു. ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചതും വേദനകളില്‍ തളരാതെ വീണ്ടും ജീവിച്ചുതുടങ്ങുന്നതും മലയാളി പ്രാര്‍ഥനകളോടെ കണ്ടുനിന്നതാണ്. 2024 ഡിസംബര്‍ മാസത്തിലാണ് ശ്രുതി റവന്യു വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചത്.

