BreakingEducationKeralaPolitics

നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്.

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എസ്എഫ്‌ഐ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. അദ്ദേഹം സമരപ്പന്തലിലെത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ചു. അന്യായമായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം, പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് എസ്എഫ്‌ഐ നിരാഹാര സമരം നടത്തുന്നത്.  ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രകാശ് രാജിനൊപ്പമുണ്ടായിരുന്നു. വിദ്യാര്‍ഥി സമരത്തിന്റെ കാരണങ്ങളും പശ്ചാത്തലവും ചിന്ത പ്രകാശ് രാജിന് വിശദീകരിച്ച് നല്‍കി. സസ്‌പെന്‍ഷന്‍ മുമ്പ് 100 ശതമാനം അറ്റന്‍ഡന്‍സുണ്ടായിരുന്ന വിദ്യാര്‍ഥികളെ ഉള്‍പ്പെടെ പരീക്ഷ എഴുതിക്കുന്നില്ലെന്നതാണ് സാഹചര്യമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ വിശദീകരിച്ചു.ചോദ്യങ്ങള്‍ ചോദിക്കുന്നതിന് വിദ്യാര്‍ഥികള്‍ എന്തിന് മാപ്പ് പറയണമെന്നും അവര്‍ അവരുടെ അവകാശങ്ങളാണ് ചോദിക്കുന്നതെന്നും പ്രകാശ് രാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. സ്വാതന്ത്ര്യ സമരം ഉള്‍പ്പെടെയുള്ള സമൂഹത്തിലെ എല്ലാ മുന്നേറ്റങ്ങളും പ്രതിഷേധങ്ങളിലൂടെയാണ് ഉണ്ടായിട്ടുള്ളത്. കലാകാരന്മാര്‍ തങ്ങളുടെ കലയിലൂടെ പ്രതിഷേധം രേഖപ്പെടുത്തും. കലയേയും വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെയും മനസ്സിലാക്കാനുള്ള തലച്ചോറോ സംവേദനക്ഷമതയോ വി.സിക്കില്ല. ബ്രിട്ടീഷുകാര്‍ക്ക് ‘മാപ്പപേക്ഷകള്‍’ എഴുതിക്കൊടുത്തവരാണ് രാജ്യത്തെ ഭരണാധികാരികള്‍. ഭഗത് സിംഗ്, ഗാന്ധിജി, അംബേദ്കര്‍ എന്നിവരുടെ പാരമ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആരോടും മാപ്പ് പറയില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *