വർഗീയ കാർഡിൽ നിലമ്പൂർ
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് നീങ്ങുകയാണ്. പ്രചാരണരംഗം തിളച്ചുമറിയുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളായിരുന്നു നിലമ്പൂരിലെ പ്രധാന രാഷ്ട്രീയായുധം. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതും വെല്‍ഫെയര്‍ പാര്‍ട്ടിയെ അനുകൂലിച്ച് വിഡി സതീശന്‍ നടത്തിയ പ്രസ്താവനയും വന്‍വിവാദങ്ങള്‍ക്ക് വഴിയൊരുങ്ങി. ജമാഅത്തെ പിന്തുണയുടെ പേരില്‍ സമസ്തയിലെ ഒരു വിഭാഗം വിഡി സതീശനെതിരെ പരസ്യമായ നിലപാടുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയത് യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും ജമാഅത്തെ ബന്ധം ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിക്ക് ഇപ്പോള്‍ മതരാഷ്ട്രവാദമില്ലെന്ന വിഡി സതീശന്റെ പ്രതികരണമാണ് കുരുക്കായി മാറിയത്.വര്‍ഗീയ ശക്തികളുടെ വോട്ടുവേണ്ടെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പിഡിപിയും അഖില ഭാരത ഹിന്ദുമഹാസഭയും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതും വന്‍വിവാദങ്ങള്‍ക്ക് വഴിയൊരുങ്ങി. പിഡിപി വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വിശദീകരണം തൊട്ടുപിന്നാലെ വന്നു.
അതേസമയം, ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നേതാക്കള്‍ കൂട്ടത്തോടെ മണ്ഡലത്തിലേക്കെത്തുകയാണ്. മൂന്നു ദിവസത്തെ പ്രചാരണത്തിനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തില്‍ എത്തിയത്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും, പ്രധാന കേന്ദ്രങ്ങളിലുമായി നടക്കുന്ന എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് റാലികളില്‍ മുഖ്യമന്ത്രി പ്രസംഗിക്കും.

