അമ്മയുമായി പിണങ്ങിയ പതിനൊന്നുകാരനെ രക്ഷിച്ച് പോലീസ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.20-ഓടെ അമ്മയുമായി പിണങ്ങിയ കുട്ടി മുരിയാട് ഭാഗത്തെ റെയിൽവേ ട്രാക്കിലൂടെ പരിഭ്രാന്തനായി ഓടി മറഞ്ഞു.
ആളൂർ (തൃശ്ശൂർ): റെയിൽവേ ട്രാക്കിനരികിലെ മരക്കൂട്ടത്തിൽ ഒളിച്ചിരുന്ന പതിനൊന്നുകാരനെ രക്ഷിച്ച് പോലീസ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.20-ഓടെ അമ്മയുമായി പിണങ്ങിയ കുട്ടി മുരിയാട് ഭാഗത്തെ റെയിൽവേ ട്രാക്കിലൂടെ പരിഭ്രാന്തനായി ഓടി മറഞ്ഞു. കുട്ടിയെ കാണാതായത് മനസ്സിലാക്കിയ നാട്ടുകാരിലൊരാൾ ആളൂർ പോലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചു.
സ്‌റ്റേഷനിലുണ്ടായിരുന്ന വനിതാ സി.പി.ഒ. ഉടനെ സ്‌റ്റേഷൻ ഗ്രൂപ്പിലും പട്രോളിങ് സംഘത്തിനും കൈമാറി. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ തിരച്ചിലിന് നിർദേശം നൽകുകയും ആളൂർ സ്‌റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ. കെ.വി. ഹരിക്കുട്ടൻ, പ്രിൻസിപ്പൽ എസ്.ഐ. മനു പി. ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണവും ആരംഭിച്ചു.
അപകടസാധ്യത കണക്കിലെടുത്ത് ആളൂർ എസ്.എച്ച്.ഒ. റെയിൽവേ അധികൃതരെ ബന്ധപ്പെട്ട് ഇതുവഴിയുള്ള ട്രെയിനുകളെ തടഞ്ഞു. തുടർന്ന് റെയിൽവേ പാളത്തിലൂടെ തിരച്ചിൽ നടത്തി.
മുരിയാട് പൂവശ്ശേരിക്കാവ് റെയിൽവെ ഗേറ്റിനും മനപ്പടി റെയിൽവേ ഗേറ്റിനും ഇടയിലുള്ള ട്രാക്കിന് സമീപത്തെ മരങ്ങളുടെയും കുറ്റിക്കാടുകളുടേയും ഇടയിൽനിന്ന് ട്രെയിൻ വരുന്നതും കാത്ത് ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

