കാലവർഷം നേരത്തെയെത്തും
ന്യൂഡൽഹി : ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും താപനില 44 ഡിഗ്രി കടന്ന് ജനജീവിതം ദുസ്സഹമായി തുടരുന്നതിനിടയിൽ ആശ്വാസകരമായ കാലാവസ്ഥാ പ്രവചനം. ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) നിശ്ചയിച്ച സമയത്തിന് മുൻപേ ഇന്ത്യയിലെത്താൻ സാധ്യതയുണ്ടെന്ന് വിവിധ കാലാവസ്ഥാ മോഡലുകൾ സൂചിപ്പിക്കുന്നു. യൂറോപ്യൻ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റ്സിന്റെ (ECMWF) പുതിയ കണക്കുകൾ പ്രകാരം മേയ് അവസാന വാരത്തോടെ ദക്ഷിണേന്ത്യയിൽ കാലവർഷം സജീവമാകും.
കഴിഞ്ഞ വർഷവും (2025) കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു. മേയ് 27-നും 29-നും ഇടയിൽ കേരളത്തിൽ മഴയെത്തുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും പ്രവചിച്ചതിലും മുൻപേ മഴയെത്തിയതായി കാലാവസ്ഥാ വിദഗ്ധൻ ദേവേന്ദ്ര ത്രിപാഠി ചൂണ്ടിക്കാട്ടി. ഈ വർഷവും സമാനമായ സാഹചര്യമാണ് നിലവിലുള്ളത്.

