ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാപിഴവ്.ഒന്നര വയസുകാരന്റെ ജീവനെടുത്തു.
കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു. പയ്യന്നൂർ എരമം സ്വദേശികളായ സൂരജ് – വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്.കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ഒന്നര വയസുകാരന്റെ ജീവൻ നില നിർത്തിയിരുന്നത്. എന്നാൽ ഇന്ന് ഉച്ചയോടെ രക്തസമ്മർദം സന്തുലിതമായിരുന്നില്ല. ഇതോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
നാലു ദിവസം മുൻപാണ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കവേ മുറ്റത്ത് വീണ് പരുക്കേറ്റ ഒന്നര വയസുകാരന്റെ മുഖത്തെയും ചുണ്ടിലെയും മുറിവിന് സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം മാതമംഗലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമശുശ്രൂഷ
നൽകിയിരുന്നു. തുടർന്ന് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സ്റ്റിച്ച് ഇടാൻ വേണ്ടിയാണ് ഡോക്ടർമാർ കുഞ്ഞിന് അനസ്തേഷ്യ നൽകിയത് . ഇതോടെ കുഞ്ഞിന് ബോധം നഷ്ട്ടമാകുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സക്ക് കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.
ആദ്യം കുഞ്ഞിനെ ഇതേ ആശുപത്രിയിലെ തന്നെ പീഡിയാട്രീഷ്യനെയാണ് കാണിച്ചത് എന്നാൽ അതിനുശേഷം പ്ലാസ്റ്റിക്ക് സർജനെ കാണിക്കുകയും കുഞ്ഞ് ബഹളം വെച്ചതിനാൽ സർജൻ അനസ്തേഷ്യ നൽകാൻ നിർദേശം നൽകുകയുമായിരുന്നു. അനസ്തേഷ്യ നൽകിയപ്പോൾ കാർഡിയാക്ക് അറസ്റ്റ് ഉണ്ടായെന്നാണ് ആശുപത്രിയുടെ വിശദീകരണം. അടിയന്തിര ഘട്ടങ്ങളിൽ അല്ലാതെ രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് അനസ്തേഷ്യ നൽകാറില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇതോടെ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അനസ്തേഷ്യ ഡോക്ടർ ഡോ. അഞ്ജലി പൊതുവാളിനെതിരെ കേസ് എടുത്തിരുന്നു. സൂരജ് – വിജിഷ ദമ്പതികൾക്ക് ആറ് വർഷത്തിന് ശേഷം ജനിച്ച കുഞ്ഞാണ് ഏക മകനായ ദേവാൻഷ് ശൗര്യ.

