KeralaOthers

ശബരിമല തീര്‍ഥാടനം കൂടുതല്‍ പ്രതിസന്ധികളിലേക്ക്

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മുന്നൊരുക്കങ്ങളിലെ വീഴ്ചയ്ക്ക് പിന്നാലെ ശബരിമല തീര്‍ഥാടനത്തില്‍ കൂടുതല്‍ പ്രതിസന്ധി. കടകളുടെയും ഹോട്ടലുകളുടെയും ലേലം അനിശ്ചിതത്വത്തില്‍. അരവണ തയ്യാറാക്കാനുള്ള അവശ്യസാധനങ്ങളുടെ കരാറും ആയില്ല.അതിനിടെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രി കെ മുരളിധരനുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്കിടെ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ഇന്ന് മുഖ്യമന്ത്രിയെക്കാണും. മുഖ്യമന്ത്രിയെ കാണണമെന്ന് കെ ജയകുമാര്‍ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. നിലവിലെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിക്കും.ശബരിമല അരവണ പ്രതിസന്ധിയില്‍ ദേവസ്വം ബോര്‍ഡിനതിരെ വീണ്ടും ആഞ്ഞടിച്ച് മന്ത്രി കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ഭക്തര്‍ക്ക് പ്രസാദം ലഭിക്കേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ബോര്‍ഡിന് ആണെന്ന് മന്ത്രി പറഞ്ഞു. ശബരിമല ഉത്സവം സ്‌പെഷ്യല്‍ ടീമിനെ വെച്ച് നടത്തുന്ന കാര്യം ആലോചിക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.
കന്നിമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നതിന് പിന്നാലെ ഭക്തര്‍ക്ക് നല്‍കുന്ന അരവണയുടെ അളവ് ദേവസ്വം ബോര്‍ഡ് നിയന്ത്രിച്ചിരുന്നു. ഒരു ടിന്‍ മാത്രം നല്‍കിയതിനെതിരെ ഭക്തരുടെ പ്രതിഷേധവും ഉണ്ടായി.
വിമര്‍ശനവും പ്രതിഷേധവും ഉണ്ടായതോടെ ഭക്തര്‍ക്ക് നല്‍കിയിരുന്ന അരവണയുടെയും അപ്പത്തിന്റെയും അളവില്‍ നേരിയ നിയന്ത്രണം ഒഴിവാക്കിയിരുന്നു. അരവണ നിര്‍മാണ പ്ലാന്റിന്റെ നവീകരണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടത് ഉത്തരവാദിത്വം ആണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ദേവസ്വം ബോര്‍ഡ്.

Leave a Reply

Your email address will not be published. Required fields are marked *