മെഡിക്കൽ കോളേജിലും മരുന്നു ക്ഷാമം രൂക്ഷം.
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലും മരുന്നു ക്ഷാമം രൂക്ഷം. വിലകൂടിയ മരുന്നുകൾ ഒന്നും കിട്ടുന്നില്ലെന്ന് രോഗികൾ പരാതിപ്പെട്ടു. മിക്ക വകുപ്പുകളിലെ ഡോക്ടർമാർ എഴുതുന്ന മരുന്നുകളും ഫാർമസിയിൽ കിട്ടുന്നില്ല. ഉയർന്ന വിലകൊടുത്ത് പുറത്തുനിന്നു മരുന്നു വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ. അതേസമയം, ഓർഡർ നൽകിയ മരുന്നുകൾ കിട്ടാനുള്ള കാലതാമസമാണ് മരുന്ന് ക്ഷാമത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ കടുത്ത മരുന്ന് ക്ഷാമത്തിൽ വലയുന്ന അവസ്ഥയാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും കീമോതെറാപ്പി, അപസ്മാരം എന്നിവയ്ക്കും ഉപയോഗിക്കുന്ന മരുന്നുകൾക്കാണ് പ്രധാനമായും ക്ഷാമം നേരിടുന്നത്. മരുന്ന് ക്ഷാമം പൊതുജനം അറിയാതിരിക്കാൻ പരമാവധി ലോക്കൽ പർച്ചേസിംഗ് നടത്താനാണ് ആശുപത്രികൾക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. എന്നാൽ, ഭീമമായ കുടിശ്ശികയുള്ളതിനാൽ സർക്കാർ ആശുപത്രികൾക്ക് മരുന്നുകളും ഉപകരണങ്ങളും നൽകാൻ സ്വകാര്യ വിതരണക്കാർ വിസമ്മതിക്കുകയാണ്

