BreakingKeralaPolitics

മുഖ്യമന്ത്രിയെ റോഡില്‍ തടഞ്ഞ സംഭവം. ഡിസിസി അംഗം ചേന്തി അനിലിന് സസ്‌പെഷന്‍.


ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് പോകാന്‍ തുടങ്ങിയതാണ് തര്‍ക്കത്തിന് കാരണം. മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങി ചേന്തി അനിലുമായി വാക്ക് തര്‍ക്കം ഉണ്ടാകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു

തിരുവനന്തപുരം: ചേന്തിയില്‍ മുഖ്യമന്ത്രിയെ റോഡില്‍ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിന് സസ്‌പെഷന്‍. പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍. കെപിസിസി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
കേസില്‍ ചേന്തി അനിലിനെതിരായ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി. പ്രതി റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്. മുഖ്യമന്ത്രി പരിപാടിയില്‍ നിന്ന് അവസാന നിമിഷം പിന്മാറിയത് പ്രതിഷേധത്തിന് ഇടയാക്കി. ചേന്തി അനില്‍ മുഖ്യമന്ത്രിയെ ഓഫീസില്‍ എത്തി പരിപാടിക്ക് ക്ഷണിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വിവാദത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന്റെ തുടര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ചേന്തി അനിലിന്റെ ഇടപെടല്‍ ശരിയായില്ല എന്നാണ് ഒരു വിഭാഗം പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രകോപനവും വിവാദത്തിനിടയാക്കി. വിവാദം ഒഴിവാക്കണമായിരുന്നു എന്നും നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. പരാതി പാര്‍ട്ടിയില്‍ പറയണമായിരുന്നു. പരസ്യമായ പ്രകോപനം വിവാദത്തിന് കാരണമായെന്നും വിലയിരുത്തലുണ്ട്. ചെമ്പഴന്തി അനിലും ചേന്തി അനിലും തമ്മിലുള്ള തര്‍ക്കം ഗ്രൂപ്പിസത്തിന്റെ ഭാഗം എന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ചേന്തി അനിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് പോകാന്‍ തുടങ്ങിയതാണ് തര്‍ക്കത്തിന് കാരണം. മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങി ചേന്തി അനിലുമായി വാക്ക് തര്‍ക്കം ഉണ്ടാകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.മുഖ്യമന്ത്രിക്ക് കോളജ് കുട്ടികള്‍ വഴക്കിടുന്ന ശൈലിയാണെന്നും വാഹനം തടഞ്ഞിട്ടില്ലെന്നുമാണ് അനിലിന്റെ വിശദീകരണം. അതേസമയം, ചേന്തിയിലെ ചതയ ദിനാഘോഷ പരിപാടികള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *