ട്രംപുമായി കടുത്ത ഭിന്നതയിൽ യൂറോപ്യൻ യൂണിയൻ
വാഷിങ്ടൺ ഡിസി: ഇറാൻ യുദ്ധം യൂറോപ്പുമായുള്ള യുഎസിന്റെ ബന്ധത്തെ ഉലയ്ക്കുന്നതായി സൂചനകൾ. യുദ്ധത്തിൽ യൂറോപ്പ് കാര്യമായ പങ്കാളിത്തത്തിന് നിൽക്കാതെ മാറിനിന്നത് യുഎസ് പ്രസിഡന്റിനെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ ഏറ്റവുമൊടുവിലത്തെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ജർമനിയിൽ നിന്ന് 5000 സൈനികരെ പിൻവലിക്കാനുള്ള പെന്റഗണിന്റെ നീക്കമാണ്. അടുത്ത ഒരു വർഷത്തിനുള്ളിൽ ജർമ്മനിയിൽ നിന്ന് 5,000 സൈനികരെ പിൻവലിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഉത്തരവിട്ടതായി പെന്റഗൺ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പുറമെ വ്യാപാര തർക്കങ്ങളും വ്യത്യാസങ്ങളും ഈ നടപടിക്ക് പിന്നിലുണ്ടെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കടുത്ത ഭിന്നത നിലനില്‍ക്കുന്നതായി കഴിഞ്ഞ ദിവസം ജർമൻ ചാൻസലർ ഫ്രെഡ്രിക്ക് മെര്‍സ് പ്രസ്താവിച്ചിരുന്നു. ഇറാനിൽ യുഎസ് അപമാനിക്കപ്പെടുകയാണെന്ന് രണ്ടുദിവസം മുമ്പ് ഒരു പരിപാടിയിൽ വെച്ച് ഫ്രെഡ്രിക്ക് മെര്‍സ് പ്രസ്താവിച്ചതും ചർച്ചയായിരുന്നു. യുഎസ് ഉദ്യോഗസ്ഥരെ പാകിസ്താനിലേക്ക് വരുത്തുകയും, അവരെ കാക്കാതെ ഇറാൻ പ്രതിനിധികൾ തിരികെ പോകുകയും ചെയ്യുന്നതെല്ലാം അപമാനിക്കലാണ്. ഇറാനികൾ വിചാരിച്ചതിനെക്കാൾ ശക്തരാണ്. വളരെ സമർത്ഥമായി അവർ ചർച്ചകളിൽ ആധിപത്യം ചെലുത്തുന്നുവെന്നും മെർസ് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം ആഗോള സമ്പദ്വ്യവസ്ഥയില് കടുത്ത ആഘാതമുണ്ടാക്കുന്നു എന്നാണ് മെർസിന്റെ നിലപാട്.

