ഇന്ത്യ സഖ്യ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ച് മല്ലികാർജ്ജുൻ ഖർഗെ
ന്യൂഡൽഹി : : ആകാശവാണി ഭവനിലേക്ക് ഇന്ത്യാ സഖ്യം നടത്തിയ പ്രക്ഷോഭത്തിന് പിന്നാലെ, സമരക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ഓൾ ഇന്ത്യ റേഡിയോ നൽകിയ പരാതിയിലാണ് കേസ്. പ്രിയങ്ക ഗാന്ധി അടക്കമുള്ളവർക്കെതിരെ കേസെടുത്തെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തോയെന്ന് വ്യക്തമായിട്ടില്ല. തുടർ സമരം ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യ നേതാക്കളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്ന് ചർച്ചയ്ക്കായി വിളിച്ചിട്ടുണ്ട്. അതേസമയം ശനിയാഴ്ച ഇടതുവിദ്യാർത്ഥി സംഘടനകളുമായി ചേർന്ന് തങ്ങൾ നടത്തുന്ന സമരം തടയാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സിജെപിയും രംഗത്തെത്തി.
ആകാശവാണി ഭവനിലേക്ക് എംപിമാർ ഉൾപ്പെടെയുള്ളവർ അനുമതിയില്ലാതെയാണ് മാർച്ച് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ പോലീസ് ആദ്യഘട്ടത്തിൽ സഹകരിച്ചെങ്കിലും അത് മറികടന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സ്ഥാപനത്തിനുള്ളിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കേസുമായി ദില്ലി പൊലീസ് മുന്നോട്ട് പോകുന്നത്. നിയമാനുസൃതമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും 260 പേരെ കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് വിട്ടയച്ചതായും പോലീസ് അറിയിച്ചു.
അതിനിടെ, ഇലക്ഷൻ കമ്മീഷനെ പ്രതിപക്ഷ നേതാക്കൾ മാത്രമായി ചർച്ചയ്ക്ക് കാണണമോ എന്ന കാര്യത്തിൽ ഇന്ത്യാ സഖ്യ നേതാക്കളുമായി കോൺഗ്രസ് ഇന്ന് കൂടിയാലോചന നടത്തും. എല്ലാ എംപിമാരെയും ഒന്നിച്ച് പാർലമെന്റ് അനക്സിൽ വെച്ച് കാണുന്നത് നിലവിലുള്ള പ്രോട്ടോക്കോളിന് വിരുദ്ധമാണെന്ന് കമ്മീഷൻ വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. വിവാദങ്ങളും പ്രതിഷേധങ്ങളും കടുക്കുന്നതിനിടെ, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറും മറ്റ് രണ്ട് കമ്മീഷണർമാരും ഇന്നും നാളെയുമായി നിശ്ചയിച്ചിരുന്ന ഛത്തീസ്ഗഡ് സന്ദർശനം റദ്ദാക്കിയിട്ടുണ്ട്. സംഭവത്തിൽ രാഹുൽ ഗാന്ധി ദിനംപ്രതിയുള്ള ഈ നാടകങ്ങൾ അവസാനിപ്പിക്കണമെന്ന് ബിജെപി വിമർശിച്ചു

