സോനം വാങ്ചുക്കിനെതിരായ പൊലീസിന്റെ നടപടിയിൽ വിമർശനവുമായി കോൺഗ്രസ്
ന്യൂഡൽഹി : ഡൽഹി ജന്തർമന്തറിൽ നിരാഹാര സമരമിരുന്ന സോനം വാങ്ചുക്കിനെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയ പൊലീസിന്റെ നടപടിയിൽ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജന്തർ മന്തറിൽ ഇന്ന് നടന്നത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമേറ്റ കളങ്കം.
എതിർ ശബ്ദമുയർത്തുന്നവർ ബിജെപിയുടെ കണ്ണിൽ ദേശവിരുദ്ധരാണ്. കോട്ടയിൽ നിന്നും ഡെറാഡൂണിൽ നിന്നും ഉയർന്ന വിദ്യാർഥി ശബ്ദം ഡൽഹിയിലും എത്തുമെന്നും ഖാർഗെ പ്രതികരിച്ചു.
തിങ്കളാഴ്ചത്തെ സിജെപിയുടെ നേത്യത്വത്തിൽ നടക്കുന്ന പാർലമെൻറ് മാർച്ചിൽ താൻ പങ്കെടുക്കുമെന്ന് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി അങ്മോ വ്യക്തമാക്കി. സോനം വാങ്ചുക്കിനെ പ്രതിനിധീകരിച്ച് മാർച്ച് നയിക്കും. സോനത്തെ തടഞ്ഞാൽ മാർച്ച് തടയാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കേണ്ട എന്നും ഗീതാഞ്ജലി പ്രതികരിച്ചു.
ഇന്ന് രാവിലെ 7 മണിയോടെ ഹൈകോടതി ഉത്തരവ് പ്രകാരം സർക്കാർ നിയോഗിച്ച ഡോക്ടർമാർ ആംബുലൻസിൽ ജന്തർമന്തറിൽ എത്തി.ഡോക്ടർമാർ സോനത്തിനെ പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും സിജെപി അത് തടഞ്ഞു. നൊടിയിടയിൽ മഫ്തിയിൽ ഉണ്ടായിരുന്ന പൊലീസ് സംഘം ഡോക്ടർമാർക്ക് ഒപ്പം സമരവേദിയിലേക്ക് പ്രവേശിക്കുകയും അർദ്ധസൈനിക വിഭാഗത്തിന്റെ സഹായത്തോടെ സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിക്കാതിരിക്കാൻ തുണി lകൊണ്ട് മറച്ചായിരുന്നു സോനം വാങ്ചുക്കിനെ ആംബുലൻസിൽ കയറ്റിയത്. നിരാഹാരം സമരമിരുന്ന വിദ്യാർഥികളെ പൊലീസ് മാറ്റാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ തടഞ്ഞു. ഈ സമയങ്ങളിൽ അഭിജിത്ത് ദീപകെ വീട്ടുതടങ്കലിലാണ്. ഒടുവിൽ സമരവേദിയിൽ എത്തിയ ദീപ്കെ കേന്ദ്രത്തിനെതിരെയും ഡൽഹി പൊലീസിനെതിരെയും ആഞ്ഞടിച്ചു.
ഡൽഹി ഹൈക്കോടതി ഉത്തരവ് പാലിക്കുകയാണ് ചെയ്തതെന്ന് ഡൽഹി പൊലീസ് വിശദീകരണം നൽകി. സോനത്തെ കുറച്ചുദിവസം നിരീക്ഷിക്കേണ്ടതുണ്ടെന്ന് സഫ്ദർജംഗ് ആശുപത്രി അറിയിച്ചു. സോനം വാങ്ചുക്കിന് വേണ്ടി താൻ നിരാഹാരം ഇരിക്കും എന്ന് അഭിജിത് ദീപകെ പ്രഖ്യാപിച്ചു. ഡൽഹി പൊലീസ് നടപടിയെ അപലപിച്ച് കോൺഗ്രസ്,സിപിഐ, സിപിഐഎം തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. സമരത്തിന് തുടർന്നും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം നേതാവ് വൃന്ദ കാരാട്ടും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സമരവേദിയിൽ എത്തി.

