വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിൻ്റെ ആസൂത്രണത്തിലെ വീഴ്ച. മുൻമന്ത്രി കെ. കൃഷ്ണൻകുട്ടി
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിൻ്റെ ആസൂത്രണത്തിലെ വീഴ്ചയാണെന്ന് മുൻമന്ത്രി കെ. കൃഷ്ണൻകുട്ടി. 2023 ലാണ് സംസ്ഥാനത്ത് ഏറ്റവും വലിയ പ്രതിസന്ധിയുണ്ടായത്. അന്ന് കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി മറികടന്നത്. 2023ൽ പ്രതികൂല സാഹചര്യം ഉണ്ടായിട്ടും അന്ന് സംസ്ഥാനതത് വ്യാപകമായി ലോഡ്ഷെഡ്‌ഡിങ് ഉണ്ടായിട്ടില്ലെന്നും മുൻ മന്ത്രി പറഞ്ഞു.അന്നു സാധിച്ച ഇടങ്ങളിൽ നിന്നെല്ലാം വൈദ്യതി വാങ്ങിയിരുന്നു. പ്രതിസന്ധി മുൻകൂട്ടി കണക്കിലെടുത്തു വൈദ്യുതി വാങ്ങാമായിരുന്നു. കറന്റ് പോയാൽ എന്റെ ഫോണിലേക്ക് ഒട്ടേറെ കാളുകൾ ആണ് വരുന്നത്. ഗൂഗിളിൽ ഇപ്പോഴും ഉള്ളത് എന്റെ നമ്പർ ആണ്. അതൊന്ന് മാറ്റണമെന്നും കെ കൃഷ്ണൻകുട്ടി അഭ്യർഥിച്ചു.
അതേസമയം കാലവർഷം ദുർബലമായതിനെ തുടർന്ന് ചൂടും വൈദ്യുതി ഉപഭോഗവും റെക്കോർഡുകൾ ഭേദിച്ച് ഉയർന്നതോടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല പവർകട്ട് അടിയന്തരമായി പിൻവലിക്കാൻ കഴിയില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി. വൈദ്യുതി ആവശ്യകതയേറുന്ന സമയങ്ങളിൽ (പീക്ക് അവേഴ്സ്) സംസ്ഥാനത്ത് നിലവിൽ 500 മെഗാവാട്ടിന്റെ (MW) ദൗർലഭ്യമാണ് നേരിടുന്നത്.
നിലവിലെ സാഹചര്യത്തിൽ രാത്രി 7 മണി മുതൽ പുലർച്ചെ 2 മണി വരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം അറിയിച്ചു. അതേസമയം ലോകകപ്പിന്റെ കലാശക്കൊട്ടിന് വൈദ്യുതി കളിക്കില്ലെന്ന ഉറപ്പ് കെഎസ്ഇബി നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് മൂലം പാലക്കാട്ട് ഓക്സിജൻ കിട്ടാതെ രോഗി മരിച്ചതടക്കമുള്ള കടുത്ത ജനരോഷം നിലനിൽക്കെയാണ് കെഎസ്ഇബിയുടെ ഈ വിശദീകരണം. പവർകട്ടിനെതിരെ പ്രതിപക്ഷ പാർട്ടികളും ഇടതുപക്ഷ സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം പട്ടത്തുള്ള കെഎസ്ഇബി ആസ്ഥാനത്തേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ റാന്തൽ വിളക്കുകളേന്തി മാർച്ച് നടത്തി.
:

