മുഖ്യമന്ത്രി,കെ.എസ്.യു തർക്കം പരിഹരിക്കാൻ കെപിസിസി
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള തർക്കത്തിനിടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി. അലോഷ്യസിനെ മുഖ്യമന്ത്രി അവഗണിച്ചെന്ന ആരോപണത്തിൽ താൻ മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിക്ക് മറ്റൊരു പരിപാടിയിൽ പങ്കെടുക്കണമായിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ മുഖ്യമന്ത്രിക്ക് പങ്കെടുക്കേണ്ടിയിരുന്നു. ആ തിരക്കിനിടയിൽ അലോഷ്യസിനെ കണ്ടില്ല എന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആശങ്കകൾ പാർട്ടിയെ അറിയിച്ചുവെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. ഈ വിഷയം കേരളത്തിന്റെ മുഖ്യമന്ത്രി കാണാതെ പോകില്ല. അദ്ദേഹത്തിന് തിരക്കുകൾ ഉണ്ട്. അത് ഞങ്ങൾ മാനിക്കുന്നു. വിഷയത്തിൽ ഉടൻ മുഖ്യമന്ത്രിയെ കാണുമെന്നും കെ.എസ്.യു – സർക്കാർ പോര് ഇന്ന് ടാഗ് ലൈനിനോട് ഞങ്ങൾക്ക് താൽപര്യമില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. ഈ വിഷയത്തെ ഗ്രൂപ്പിന്റെ ആലയിൽ കെട്ടരുതെന്നും എല്ലാവരും എഴുതുന്നതിന് മറുപടി പറയുകയല്ല എന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.

