വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി.
തിരുവനന്തപുരം : ചൈനയിലെ നിംഗ്ബോയില്‍ നിന്നും ബുക്ക് ചെയ്ത MSC Sabrina III എന്ന കപ്പലില്‍ ആദ്യത്തെ ഇറക്കുമതി കണ്ടെയ്നര്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി. ഇതോടെ ട്രാന്‍സ്ഷിപ്പ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് അപ്പുറം, കേരളത്തിലെ ബിസിനസുകളുടെ ഇറക്കുമതി ആവശ്യങ്ങള്‍ നേരിട്ട് നിറവേറ്റുന്ന ഒരു തുറമുഖം എന്ന നിലയിലേക്ക് വിഴിഞ്ഞം പോര്‍ട്ട് മാറി എന്നതാണ് പ്രധാന നേട്ടം.
ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ നേരിട്ട് വിഴിഞ്ഞത്ത് ഇറക്കാനും, കസ്റ്റംസ് ക്ലിയറന്‍സ് പൂര്‍ത്തിയാക്കി കേരളത്തിലെ വിവിധ വിപണികളിലേക്ക് കൊണ്ടുപോകാനും സാധിക്കുമെന്നതാണ് പ്രധാനം. ഇതുവഴി മറ്റ് തുറമുഖങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും കാര്‍ഗോ നീക്കത്തിനായുള്ള സമയവും ചെലവും വലിയ തോതില്‍ കുറയ്ക്കാനും കഴിയും.
ചൈനയില്‍ നിന്നെത്തിയ ആദ്യത്തെ ഇറക്കുമതി കണ്ടെയ്നര്‍ തിരുവനന്തപുരം ആസ്ഥാനമായുള്ള ബിഎസ്ജി ലോജിസ്റ്റിക്സ് ആന്‍ഡ് ഷിപ്പ് ചാന്‍ഡ്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പാണ് അള്‍ട്ടയര്‍ ഗ്രൂപ്പിനായി ബുക്ക് ചെയ്തത്. സാധാരണ പ്ലൈവുഡിന് പകരമായി നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കുന്ന എഞ്ചിനീയറിംഗ് ബില്‍ഡിംഗ് ബോര്‍ഡുകളാണ് ഈ കണ്ടെയ്നറില്‍ ഉള്ളത്. കേരളത്തിലേക്കുള്ള ഇറക്കുമതിയുടെ പ്രധാന കവാടമായി വിഴിഞ്ഞം മാറുന്നതിന്റെ ആദ്യ പടിയായി ഇതു വിലയിരുത്തപ്പെടുന്നു.

