ശബരിമല സ്വർണ്ണകൊള്ളയിൽ CBI അന്വേഷണം വേണം. ബി ജെ പി
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ച് BJP സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്ത് നൽകിയത്. ശബരിമല സ്വർണ്ണകൊള്ളയിൽ CBI അന്വേഷണം വേണം. ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിലെ മുഴുവൻ കേസുകളും പിൻവലിക്കണം. ഈ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും ബിജെപി കത്തിൽ കുറിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭക്തജനങ്ങളുടെ വിശ്വാസത്തിനും ആചാരങ്ങൾക്കും നേരെ തുടർച്ചയായി കടന്നുകയറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും 2018-ൽ ആരംഭിച്ച സംഭവവികാസങ്ങൾ ഭക്തസമൂഹത്തിൽ വലിയ വേദന സൃഷ്ടിച്ചിരുന്നുവെന്നും കത്തിൽ പറയുന്നു.
ശബരിമലയിലെ സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളിലും സത്യം പുറത്തുകൊണ്ടുവരുന്നതിനും ക്ഷേത്രസമ്പത്തിൻ്റെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനുമായി സി.ബി.ഐ അന്വേഷണം ശുപാർശ ചെയ്യണമെന്നും ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ഭക്തർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണനമെന്നും കത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയായി അധികാരമേറ്റ സാഹചര്യത്തിൽ, ഈ വിഷയങ്ങളിൽ നീതിയുക്തവും സമയബന്ധിതവും നിർണായകവുമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ രണ്ട് ആവശ്യങ്ങളിലും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ചില്ലെങ്കിൽ അയ്യപ്പഭക്തരുടെ അവകാശങ്ങളും വിശ്വാസവും സംരക്ഷിക്കുന്നതിനായി സംസ്ഥാനവ്യാപകമായി സമാധാനപരമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി

